തൃശൂർ: ട്രെയിനിൽ നിന്ന് ടി.ടി.ഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി ഒഡിഷ സ്വദേശി രജനീകാന്ത രണജിത്തിനെതിരെ റെയിൽവേ പൊലീസ് കൊലക്കുറ്റം ചുമത്തി. ടി.ടി.ഇയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ട്രെയിനിന്റെ എസ്- 11 കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടി.ടി.ഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൊണ്ടും തള്ളിയിടുകയായിരുന്നു. ഇന്നലെ വൈകിട്ട് തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലക്കാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ അർദ്ധരാത്രിയോടെയാണ് തൃശൂരിലെത്തിച്ചത്.
യാത്രക്കാർ നൽകിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പോലീസ് പിടികൂടിയത്. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടി.ടി.ഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. എറണാകുളം- പാട്‌ന സൂപ്പർ ഫാസ്റ്റ് തൃശൂരിൽ നിന്ന് പുറപ്പെട്ടത് വൈകിട്ട് 6.47നാണ്. ഏഴോടെയാണ് സംഭവം നടന്നത്.





























