അങ്കാറ : പടിഞ്ഞാറന്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്പം. റിക്ടര്‍ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്. 12 പേർ മരിച്ചെന്നും 120ലേറെ പേർക്കു പരുക്കേറ്റെന്നുമാണു പ്രാഥമിക റിപ്പോർട്ട്.
തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ ഭൂകമ്പം വന്‍നാശമുണ്ടാക്കി. ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. ഇസ്മീര്‍ നഗരതീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.