തിരുവനന്തപുരം : വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ സ്വത്താണ് ഈ വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്.
കൊവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്. ഇത് അങ്ങേയറ്റത്തെ പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ കമ്പിനിക്ക് നല്‍കിയത്. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പിനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. കേരള സര്‍ക്കാര്‍ കമ്പിനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന നിര്‍ദേശം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു.