ബെംഗളൂരു : മോഷണക്കുറ്റം ആരോപിച്ച് കാലുകള്‍ പൊള്ളിച്ച ശേഷം തുമക്കൂരുവില്‍ 2 ദലിത് യുവാക്കളെ തല്ലിക്കൊന്നു. തുമക്കൂരു ഗുബ്ബി പെദ്ദേനഹള്ളിയില്‍ വെള്ളിയാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ കെ.ഗിരീഷ് (32), ഗിരീഷ് മുദലഗിരിയപ്പ (34) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. പമ്പ്സെറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാത്രി നന്ദീഷ് എന്നയാള്‍ ഇവരെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
ആദ്യം ഓടിരക്ഷപ്പെടാതിരിക്കാന്‍ ഓലമടലുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇരുവരുടേയും കാലുകള്‍ പൊള്ളിച്ച ശേഷം ചോദ്യം ചെയത് സംഘം ചേര്‍ന്നു തല്ലിക്കൊന്നുവെന്നാണു കേസ്. മൃതദേഹം കുളത്തില്‍ നിന്നും പാടത്തു നിന്നുമാണ് കണ്ടെടുത്തത്. ഇരുവരും വിവിധ മോഷണക്കേസുകളില്‍ പ്രതികളാണ്. പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അതിക്രമം. ബെംഗളൂരുവിനോടു ചേര്‍ന്നുള്ള ജില്ലയാണ് തുമക്കൂരു.






























