തിരുവനന്തപുരം : വെഞ്ഞാറമൂട് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തി. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷഹിന് ആക്രമണത്തില്‍ പരുക്ക് പറ്റി. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അര്‍ധരാത്രി 12 മണിയോടെ വെഞ്ഞാറമൂട് തേമ്പന്‍മൂട് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി പിന്തുടര്‍ന്ന് എത്തിയ ഒരു സംഘം ഇവരെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്ത് വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരുക്ക് പറ്റിയ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഡിവൈഎഫ്‌ഐ കലുങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ സിപിഎം നേതൃത്വം ആരോപിച്ചു. തുടര്‍ച്ചയായി സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്‍മൂട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമികള്‍ എത്തിയ ബൈക്ക് പോലീസ് പിടിച്ചെടുത്തു. ബൈക്കിന്റെ ഉടമ നജീബ് അടക്കം മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കാമണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. രാഷ്ട്രീയ കാരണങ്ങളാണ് കൊലയിലേക്ക് നയിച്ചത് എന്ന് തിരുവനന്തപുരം റൂറല്‍ എസ്പിയും പ്രതികരിച്ചു.