കോന്നി : തണ്ണിത്തോട് മണ്ണീറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. മാരുതി വിളയില്‍ വീട്ടില്‍ വിശ്വംഭരന്‍(65), പ്ലാമൂട്ടില്‍ കുഞ്ഞമ്മ ജോണ്‍(68)എന്നിവര്‍ക്കാണ് പരുക്കേറ്റത്. വടക്കേമണ്ണീറയില്‍ രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. മകന്റെ വീട്ടില്‍ നിന്നും മടങ്ങി വരവേ പ്ലാമൂട്ടില്‍ കുഞ്ഞമ്മ ജോണിനെ എതിരെ വന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
പന്നി ഇവരെ കുത്തി എറിയുകയും ചെയ്തു. ഈ സമയം ബഹളം കേട്ട് വന്ന് കുഞ്ഞമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാരുതിവിളയില്‍ വീട്ടില്‍ വിശ്വംഭരന് പരുക്കേല്‍ക്കുകയായിരുന്നു. വിശ്വംഭരന് കാലിനും തലയ്ക്കും കൈയ്യിലും മുറുവുണ്ട്. കുഞ്ഞമ്മയുടെ കാലിലും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.