ചോറ്റാനിക്കര: ചോറ്റാനിക്കര യൂക്കോബാങ്ക് ശാഖയിലെ താല്‍ക്കാലിക ജീവനക്കാരന്‍ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പു നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കി. പ്യൂണ്‍/സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ചോറ്റാനിക്കര മുപ്പരത്തില്‍ പ്രശാന്തി(31)നെതിരെയാണ് ഇടപാടുകാര്‍ പരാതി നല്‍കിയത്. ഒളിവില്‍ പോയ പ്രതിയെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇയാള്‍ വഴി ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയ ഇടപാടുകാര്‍ക്ക് പണം വാങ്ങിയ ശേഷം ബാങ്കിലെ തന്നെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് സ്വയം ഒപ്പിട്ട് നല്‍കി തട്ടിപ്പു നടത്തിയതായിട്ടാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി ഒരു ഇടപാടുകാരി ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റിലെ മാനേജരുടെ ഒപ്പും വ്യാജമായിരുന്നു.
അതേ സമയം, പതിനഞ്ചിലധികം സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പരാതിപ്പെട്ടിട്ടുണ്ട്. മേയ് 24 മുതല്‍ ആഗസ്റ്റ് ഏഴു വരെയുള്ള കാലയളവില്‍ 2,10,000 രൂപയുടെ തട്ടിപ്പ് നടന്നതായാണ് മാനേജരുടെ പരാതിയില്‍ പറയുന്നത്.
വരും ദിവസങ്ങളില്‍ സ്ഥിര നിക്ഷേപം നടത്തിയ കൂടുതല്‍ പേര്‍ ബാങ്കില്‍ എത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. കൊവിഡ് കാലത്ത് ബാങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍, പത്തു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇയാള്‍ ഇടപാടുകാരുമായുള്ള പരിചയം മുതലെടുത്ത് തട്ടിപ്പു നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.