പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ അലങ്കാരഗോപുരങ്ങള്‍ പണിയാനും നഗരം മോടിപിടിപ്പിക്കുവാനുമാണ് നഗരസഭക്ക് താല്‍പ്പര്യമെന്ന് പത്തനംതിട്ട നഗരസഭയുടെ മുന്‍ ചെയര്‍മാനും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ അഡ്വ. എ.സുരേഷ് കുമാര്‍ ആരോപിച്ചു. നഗരസഭയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ടൗൺ സ്‌ക്വയർ ഉത്ഘടനം യുഡി.എഫ് ബഹിഷ്കരിച്ചതെന്ന് മുന്‍ ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലെ അടിസ്ഥാന പ്രശ്നങ്ങളായ റോഡുകളുടെ നിർമാണം, കുടിവെള്ള ക്ഷാമം, പൊടിശല്യം മൂലം കഷ്ടത അനുഭവിക്കുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ, അബാൻ മേൽപ്പാല നിർമാണത്തിലെ അലസത, ജനറൽ ആശുപത്രിയുടെ ദുരവസ്ഥ തുടങ്ങിയ നിരവധി കാര്യങ്ങൾ യൂ.ഡി.എഫ് കൗൺസിലർമാർ നഗരസഭ നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരുന്നുവെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ പത്തനംതിട്ട നഗരസഭ തയ്യാറായില്ല.
നഗരസഭയിലെ മിക്ക വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുമ്പഴ പ്രദേശത്ത് കുടിവെള്ളം ഇല്ലാതെയായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ജനങ്ങള്‍ ഒരിറ്റു വെള്ളത്തിനുവേണ്ടി കേഴുമ്പോള്‍ പത്തനംതിട്ട നഗരത്തില്‍ പൂന്തോട്ടവും സ്റ്റേജും നിര്‍മ്മിക്കുന്ന തിരക്കിലാണ് ചെയര്‍മാന്‍. യൂ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് നടപ്പാക്കിയ ശബരിമല ഇടത്താവളം, മാലിന്യ സംസ്കരണം, കുമ്പഴയിലെ ആരോഗ്യ കേന്ദ്രം എന്നിവയുടെ ഉത്ഘാടന ദിവസം എൽ.ഡി.എഫ് വിട്ടുനിൽക്കുക മാത്രമല്ല അവിടെ പ്രതിഷേധ ധർണ നടത്തുകയും ഉത്ഘാടന യോഗങ്ങൾ കയ്യൂക്ക് കൊണ്ട് അലങ്കോലപ്പെടുത്തുകയും ചെയ്തത് നഗരവാസികൾ മറന്നിട്ടില്ല. യൂ.ഡി.എഫ് ഇതുപോലെ ചെയ്യാത്തത് കെ.കെ നായരോടും ജസ്റ്റിസ് ഫാത്തിമ ബീവിയോടുമുള്ള ആദരവുകൊണ്ടാണ്.
ഇപ്പോൾ ഉപതെരഞ്ഞെടുപ്പു നടക്കുന്ന 15-ആം വാർഡിൽ പോലും റോഡുകൾ നന്നാക്കാൻ ഈ ഭരണസമിതി തയ്യാറായില്ല. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അദ്ദേഹത്തിന്റെ വാർഡിലെ റോഡുകൾ നന്നാക്കാത്തതിൽ ഭരണ നേതൃത്വത്തിനെതിരെ കൗൺസിലിൽ പറഞ്ഞത് എല്ലാവരും കേട്ടതാണ്. മൂന്നാം വാർഡിലെ സി പി എം കൗൺസിറുടെ വീട്ടിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകൾ മാർച്ച് നടത്തേണ്ട അവസ്ഥയുണ്ടായി. മാസ്റ്റർ പ്ലാനിന്റെ ഭാഗമായ ആശാസ്ത്രീയമായ കുമ്പഴ സ്കീം നടപ്പിലാക്കരുതെന്നു യൂ.ഡി.എഫ് പറഞ്ഞിട്ടും അതുമായി മുന്നോട്ടു പോകുന്നു. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴാണ് കൊട്ടിഘോഷിച്ച് ഉത്ഘാടന മാമാങ്കം നടത്തിയത്. പതിനഞ്ചാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുമാത്രമാണ് ഇപ്പോഴത്തെ ഈ ബഹളങ്ങളെന്നും എ.സുരേഷ് കുമാര്‍ പറഞ്ഞു.