കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. ഈ കഴിഞ്ഞ ദിവസമാണ് ഇടത് പക്ഷത്തെ ആറ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.നിലവില്‍ ഏഴ് അംഗങ്ങളായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്.യു.ഡി.എഫ് പാനലില്‍ ഇളകൊള്ളൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ച ജിജി സജി ഇന്ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അനുകൂലിച്ച് സംസാരിക്കുകയും വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തതോടെ അവിശ്വാസം പാസ്സാകുകയായിരുന്നു.
ഇതോടെ ഏഴ് മാസം മാത്രം ആയുസുണ്ടായിരുന്ന യു.ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. ഇതോടെ തണ്ണിത്തോട് ഡിവിഷനില്‍ നിന്ന് മത്സരിച്ച് ജയിച്ച എം.വി അമ്പിളിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റ് ദേവകുമാര്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കും.
കോന്നി ബ്ലോക്ക് പഞ്ചായത്തിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നുവെന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ബ്ലോക്ക് പ്രസിഡന്റ് എം വി അമ്പിളി പറഞ്ഞു. ഭരണം ഏറ്റത് മുതൽ കോന്നി എം എൽ എ യുടെ നേതൃത്ത്വത്തിൽ ബ്ലോക്ക് ഭരണ സമിതി അട്ടിമറിക്കാനുള്ള നീക്കം നടന്നുവരുകയായിരുന്നു. ഇന്നത്തെ അവിശ്വാസ പ്രമേയം വിജയിച്ചത് രാഷ്ട്രീയ അട്ടിമറിയിലൂടെയാണ്.
അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത സാഹചര്യത്തെക്കുറിച്ച് പിന്നീട് പറയുമെന്ന് യു ഡി എഫിൽ നിന്ന് മറുകണ്ടം ചാടിയ ജിജി സജി പറഞ്ഞു. യു ഡി എഫിന്റെ ചിഹ്നത്തില്‍ വിജയിച്ച ശേഷം ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത ജിജി സജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് കുമാർ പറഞ്ഞു.