തിരുവനന്തപുരം : യുഡിഎഫിന്റെ രണ്ടാഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്കിടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും. സിഎംപിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. സി.പി.ജോണിന് വിജയസാധ്യതയുള്ള സീറ്റ് നല്‍കും. മുസ്ലീംലീഗിന് പരമാവധി മൂന്ന് സീറ്റ് കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. 15 സീറ്റ് ആവശ്യപ്പെട്ട പി.ജെ. ജോസഫിന് എട്ട് സീറ്റ് നല്‍കിയേക്കും.
പിറവം കൂടാതെ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ട് ജേക്കബ് ഗ്രൂപ്പും കൈയ്പമംഗലത്തിന് പകരം ആലപ്പുഴയിലോ കൊല്ലത്തോ ഒരു സീറ്റ് നല്‍കണമെന്ന് ആര്‍എസ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ 27 നും 28 നുമായിരുന്നു യുഡിഎഫിന്റെ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ട് എത്തി മുസ്ലീംലീഗുമായി ചര്‍ച്ച നടത്തിയിരുന്നു. പല സീറ്റുകളും വെച്ചുമാറുന്നത് സംബന്ധിച്ച് ലീഗ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്.