തിരുവനന്തപുരം : അമിത വൈദ്യുതി ബില്ലിനെതിരെ രാത്രി മൂന്ന് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണച്ച് യുഡിഎഫിന്റെ പ്രതിഷേധം. ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന കെഎസ്ഇബിയുടെ നടപടി തിരുത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. കൊവിഡിന്റെ മറവില്‍ വൈദ്യുതി ബോര്‍ഡ് ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ചാണ് യുഡിഎഫ് ലൈറ്റ്‌സ് ഓഫ് കേരള എന്ന പേരില്‍ സമരപരിപാടി സംഘടിപ്പിച്ചത്. രാത്രി മൂന്ന് മിനിട്ട് നേരം വൈദ്യുതി വിളക്കുകള്‍ അണച്ചു. നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി.
അമിത വൈദ്യുതി ബില്ലിനെതിരെ ലഭിച്ച പരാതികളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ വസ്തുതയുള്ളുവെന്നാണ് കെഎസ്ഈബിയുടെ നിലപാട്. ഇത് ശരിയെല്ലെന്നാണ് പ്രതിപക്ഷ ആരോപണം. ബിപിഎല്ലുകാരുടെ ലോക്ഡൗണ്‍ കാലത്ത ബില്ല് എഴുതിതള്ളണം. മറ്റുള്ളവര്‍ക്ക് 30 ശതമാനം ഇളവ് നല്‍കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അമിതവൈദ്യുതി ബില്ലിനെതിര കെപിസിസിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച തുടര്‍സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൈകിട്ട് വീട്ടമ്മമാര്‍ വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ല് കത്തിക്കും.