ശബരിമല : ഉത്തരേന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നും ഏഴാം തവണയും നടന്നെത്തിയ രവീന്ദ്രറെഡ്ഡിക്ക് സന്നിധാനത്ത് ആവേശകരമായ വരവേല്‍പ്പ്. നടന്നെത്തുന്ന വിവരമറിഞ്ഞ് അയ്യപ്പന്മാരാണ് റെഡ്ഡിസ്വാമിയെ ഭക്തിയോടെ വരവേറ്റത്. ഉജൈനിയില്‍ സിവില്‍ കോണ്‍ട്രാക്ടറായ റെഡ്ഡി മല ചവിട്ടുന്നത് 11 തവണയാണ്. ഏഴുവര്‍ഷം നടന്ന് ഒപ്പമെത്തിയ ഗുരുസ്വാമി രാജുവാകട്ടെ അസുഖത്തെ തുടര്‍ന്ന് ഇക്കുറി എത്തിയില്ല. കൂട്ടില്ലെങ്കിലും സ്വാമി ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് ഏകനായി എത്തിയതിനാണ് റെഡ്ഡിക്ക് ഭക്തരുടെ വരവേല്‍പ്പ്.
മധ്യപ്രദേശിലെ ഓംകാരേശ്വര സപ്തശൃംഗി, മഹാരാഷ്ട്രയിലെ യോഗീശ്വര്‍ ദേവി, ആന്ധ്രയിലെ സിന്ധി വിനായക, തമിഴ്‌നാട്ടിലെ തിരുവണ്ണാമല, ശ്രീരംഗം, തിരുച്ചി തുടങ്ങി 25ല്‍പ്പരം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് 4700 കിലോമീറ്ററോളം താണ്ടി സ്വാമിയെത്തിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ രണ്ടിന് യാത്ര തുടങ്ങുമ്പോള്‍ നാട്ടില്‍ മഴ എത്തണമേയെന്ന പ്രാര്‍ഥന മാത്രമായിരുന്നു മനസില്‍. വരും വഴിയില്‍ ഇടയ്ക്ക് സന്തോഷവാര്‍ത്ത എത്തിയതായി റെഡ്ഡി പറഞ്ഞു, നാട്ടില്‍ മഴ പെയ്‌തെന്ന്. ഗുരുസ്വാമിയുമായി അടുത്തവര്‍ഷം വീണ്ടും ദര്‍ശനത്തിനെത്താമെന്ന പ്രതീക്ഷയിലാണ് റെഡ്ഡിസ്വാമി.