ലണ്ടന്‍ : യു.കെയിലെ ഹീത്റോ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഓഫിസറായ ഇന്ത്യന്‍ വംശജനും മകളും കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചു. സുധീര്‍ ശര്‍മ (61) ബുധനാഴ്ചയും മകളും ഫാര്‍മസിസ്റ്റുമായ പൂജ ശര്‍മ (33) വ്യാഴാഴ്ചയുമാണ് മരിച്ചത്. ഹീത്റോയിലെ ടെര്‍മിനല്‍ മൂന്നില്‍ ജോലി ചെയ്യവേയാണ് സുധീര്‍ ശര്‍മക്ക് വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ അദ്ദേഹം അവസാനമായി ജോലിക്കെത്തിയത് ജനുവരി ഏഴിനാണെന്നും വിമാനത്താവളത്തിന് പുറത്ത് മറ്റെവിടെയങ്കിലും വെച്ചാകാം കൊറോണ ബാധിച്ചതെന്നുമാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം.
പടിഞ്ഞാറന്‍ ലണ്ടനിലെ ഹോണ്‍സ്ലോയില്‍ താമസിക്കുന്ന സുധീറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. അതുകാരണം അദ്ദേഹം നിരവധി തവണ അവധിയില്‍ പ്രവേശിച്ചിരുന്നുവെന്നും ഈയിടെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടയാളായിരുന്നു സുധീര്‍ ശര്‍മ. എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ആര്‍ക്കും അദ്ദേഹത്തിെന്റ മരണം വിശ്വസിക്കാനാവുന്നില്ലെന്നും സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. മകളെയും ഭര്‍ത്താവിനെയും നഷ്ടമായ സുധീറിന്റെ ഭാര്യക്ക് വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ട സാഹചര്യമായതിനാല്‍ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളില്‍ പെങ്കടുക്കാന്‍ സാധിക്കില്ല.
അതേസമയം, ഈസ്റ്റ്ബോണ്‍ ജില്ലയിലെ ഈസ്റ്റ് സക്സസ് ജനറല്‍ ആശുപത്രയില്‍ ഫാര്‍മസിസ്റ്റായ പൂജ കോവിഡ് ബാധയെ തുടര്‍ന്ന് മൂന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. പിതാവും മകളും മരണത്തിനു മുന്‍പ് അടുത്തിടപഴകിയിരുന്നോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല.