ലണ്ടന്‍: വിവിധ റസ്റ്റോറന്‍റുകളില്‍ നിന്നായി വിലയുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ മുങ്ങിയ യുകെ ദമ്പതികള്‍ അറസ്റ്റില്‍. ആന്‍ മക്ഡൊണാഗ്(39), ബെര്‍ണാഡ് മക്ഡൊണാഗ്(41) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ അടുത്ത മാസം കോടതിയില്‍ വാദം കേള്‍ക്കും. ആൻ മക്‌ഡൊണാഗിനെതിരെ നാല് മോഷണക്കേസുകളും ചുമത്തിയിട്ടുണ്ട്. പോർട്ട് ടാൽബോട്ടിലെ (വെയിൽസ്) സാൻഡ്ഫീൽഡിൽ നിന്നുള്ള ദമ്പതികൾ അഞ്ച് റസ്റ്റോറന്‍റുകളില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം ബില്ലടക്കാതെ കടന്നുകളയുകയായിരുന്നുവെന്ന് ദ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 പൗണ്ടിന്‍റെ( 1,04,170.50 ഇന്ത്യന്‍ രൂപ) ഭക്ഷണമാണ് കഴിച്ചത്. ദമ്പതികളുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ റസ്റ്റോറന്‍റ് ഉടമകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഇവരെ തിരിച്ചറിയാന്‍ സഹായിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയായിരുന്നു.
നാലു പേരടങ്ങുന്ന സംഘം വിലയുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചതിനു ശേഷം തിടുക്കത്തില്‍ പുറത്തുപോവുകയും ആന്‍ മക്ഡൊണാഗിനെയും ഒരു ചെറിയ കുട്ടിയെയും ബില്ലയക്കാന്‍ ഏല്‍പ്പിക്കുകയുമായിരുന്നുവെന്ന് ഒരു റസ്റ്റോറന്‍റ് ഉടമ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് പണം അടക്കാനായി യുവതി കാര്‍ഡ് നല്‍കി. അത് പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ കാറില്‍ നിന്നും മറ്റൊരു കാര്‍ഡ് കൊണ്ടുവരാമെന്ന് പറഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു. യുവതി പുറത്തുപോയപ്പോള്‍ കുട്ടിയോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 10 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ കുട്ടി കാറിനടുത്തേക്ക് ഓടിപ്പോയതായി റസ്റ്റോറന്‍റ് ഉടമ പറയുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു