ലണ്ടന്‍ : ക്ലാസ് മുറികളിലടക്കം വിദ്യാര്‍ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്‌കൂളുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ യുകെ. ക്ലാസ് മുറിയിലെ പെരുമാറ്റം മെച്ചപ്പെടുത്താനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പുതിയ ആലോചനയുമായി അധികൃതരുള്ളതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്ഥലമാണെന്ന് പ്രസ്താവനയിലൂടെ വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളില്‍ അശ്രദ്ധയുണ്ടാക്കുന്നുണ്ട്. തീരുമാനം മികച്ച രീതിയില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സഹായകരമാകും. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാക്കുകയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
ഇംഗ്ലണ്ടിലുടനീളമുള്ള എല്ലാ ക്ലാസ് മുറികളും ഒരേ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. സ്‌കൂള്‍ സമയം മുഴുവന്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനമായി വ്യക്തമാക്കുന്നത്. പാഠനസമയത്ത് മാത്രമല്ല ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മാബൈല്‍ ഫോണിന് സ്‌കൂളില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുക അല്ലെങ്കില്‍ സ്‌കൂള്‍ സ്റ്റാഫിനെ ഏല്‍പ്പിക്കുകയോ വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന കുട്ടികളെ തടങ്കലില്‍ വെക്കാനും അവരുടെ ഫോണുകള്‍ കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്. പല സ്‌കൂളുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ പല നിര്‍ദേശങ്ങളുണ്ട്. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇടമാണ് സ്‌കൂളുകള്‍. മൊബൈല്‍ ഫോണുകള്‍ ക്ലാസ് മുറിയില്‍ അനാവശ്യമായ അശ്രദ്ധയാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. അധ്യാപകര്‍ക്ക് സഹായകരമാകും പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.