മോസ്കോ : അനായാസം ഉക്രൈന് കീഴടക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നു. യുദ്ധമുഖത്ത് ഉക്രൈന് പടയാളികള്‍ നടത്തുന്ന ധീരോദാത്തമായ ചെറുത്തുനില്‍പ്പ് റഷ്യയെ ഞെട്ടിച്ചുവെന്നാണ് സൂചനകള്‍. സൈനിക നടപടിക്കായി റഷ്യ ഒരുക്കിനിര്‍ത്തിയ ഒന്നരലക്ഷം സൈനികരില്‍ പകുതിയിലേറെയും ഇതിനകം ഉക്രൈനില്‍ പ്രവേശിച്ചുകഴിഞ്ഞു. കൂടുതല്‍ സൈനികര്‍ വരുംദിനങ്ങളില്‍ അതിര്‍ത്തി കടക്കും. പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് റഷ്യ നേരിടുന്നതെന്ന് ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ നൈജല്‍ ഗൂള്‍ഡ് ഡേവിസ് വ്യക്തമാക്കി. റഷ്യക്ക് വലിയ ആള്‍നാശം ഉണ്ടാകുന്നുണ്ട്. ഉക്രൈന് ആകട്ടെ റഷ്യന്‍ സൈനികരെ തടവുകാരായി പിടിക്കുകയും ചെയ്യുന്നു.
അതില്‍ ഉയര്‍ന്ന റാങ്കിലുള്ള ചില സൈനിക ഉദ്യോഗസ്ഥരുമുണ്ട്. രണ്ട് ബ്രിഗേഡ് കമാന്‍ഡര്‍മാരെങ്കിലും പിടിയിലായതായാണ് സൂചന. അതിനാല്‍തന്നെ ആക്രമണം കടുപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരാവുകയാണ്. റഷ്യക്കാണ് മുന്‍തൂക്കമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഉക്രൈനിന്റെ പ്രതിരോധം ശ്രദ്ധേയമാണ് -നൈജര്‍ ഡേവിസ് കൂട്ടിച്ചേര്‍ത്തു. പ്രത്യക്ഷത്തില്‍ തങ്ങള്‍ക്കുള്ള സൈനിക മേധാവിത്വം മുതലാക്കാന്‍ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് സൈനിക നിരീക്ഷകന് തോമസ് ബുള്ളോക്ക് നിരീക്ഷിച്ചു. പ്രധാന നഗരങ്ങള്‍ക്ക് ചുറ്റുമുള്ള പോരാട്ടം തണുത്തതായാണ് മനസ്സിലാകുന്നത്. റഷ്യക്കാര്‍ക്ക് നല്ല തോതില്‍ നഷ്ടമുണ്ടാകുന്നുണ്ട്. ഉപകരണങ്ങളും സൈനികരും നഷ്ടപ്പെടുന്നു.
തെക്കന്‍ മേഖലകളില്‍ ഉക്രൈന് ഭാഗത്താണ് നഷ്ടം കൂടുതല്‍. നടപടി തുടങ്ങുമ്പോള്‍ ഇത്രയും പ്രതിരോധം റഷ്യ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബുള്ളോക്ക് പറഞ്ഞു. ആക്രമണത്തിന്റെ ഗതിവേഗം നഷ്ടമായതില്‍ റഷ്യന്‍ സൈന്യം നിരാശരാണെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളും സൂചിപ്പിച്ചു. ഉക്രൈനിലെ ഒരു പ്രധാന നഗരംപോലും പൂര്‍ണമായി കീഴ്പ്പെടുത്താന്‍ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിര്‍ത്തിയോട് ചേര്‍ന്ന ഖാര്‍കിവ്, തലസ്ഥാനമായ കിയവ് നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് റഷ്യന്‍ ആക്രമണം. തെക്കന്‍ നഗരമേഖലകളായ മെലിറ്റോപോള്‍, ഖെര്‍സന്‍ തുടങ്ങിയവ വരുതിയിലാക്കിയെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പദ്ധതി പ്രകാരം എല്ലാ ദിശകളില്‍നിന്നും സൈനിക മുന്നേറ്റത്തിന് നിര്‍ദേശം നല്‍കിയതായി റഷ്യന്‍ സൈനിക വക്താവ് ഇഗോള്‍ കൊനഷെങ്കോവ് അറിയിച്ചു.






























