ന്യൂഡൽഹി : റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയ സ്വർണത്തിന്‍റെ വില കുറയാൻ വഴിയൊരുക്കി കേന്ദ്ര സർക്കാർ. സ്വർണത്തിന്‍റെയുംയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതോടെ ഉപയോക്താവിനു കുറഞ്ഞ വിലയിൽ സ്വർണവും വെള്ളിയും വാങ്ങാനാകും. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി തീരുവ. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്.
കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു. ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു. ഇരുമ്പ്, സ്റ്റീൽ, ചെമ്പ് എന്നിവയുടെയും വില കുറയും.