കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകൾക്കെല്ലാം വൈദ്യുതി പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്നും യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങൾ വിചാരിക്കുന്നതിൽ ദുഷ്ടാലാക്ക് ഉണ്ടെന്നും സുരേഷ്ഗോപി വിമർശിച്ചു. അതേസമയം ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന വൈദ്യുതി ഉപയോഗം. നിയന്ത്രണം ഒഴിവാക്കാൻ തത്സമയ വിപണിയില്‍ നിന്ന് ഉയർന്ന വിലക്ക് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങിയിരുന്നു.
കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണ സാധ്യതക്ക് കാരണമായി പറഞ്ഞിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. പവർ എക്സ്ചേഞ്ചില്‍ നിന്ന് കാര്യമായി വൈദ്യുതി ലഭിച്ചു. ബുധനാഴ്ചത്തേക്കാള്‍ 8 ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതാണ് ഒരു കാരണം. ഗ്രിഡ് വഴി ഷെഡ്യൂള്‍ ചെയതതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കാനുമായി. 78 ദശലക്ഷം യൂണിറ്റിന് അധികം വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിഞ്ഞു.































