ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ്റെ ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തിൽപ്പെട്ട കേസിലാണ് ആലപ്പുഴ എം എ സി ട്രിബ്യൂണലിൻ്റെ വിധി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷനാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023 നവംബർ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം എസ് സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അപകടം.
തമിഴ്നാട് വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസിലേക്ക്, തമിഴ്നാട് കോർപറേഷൻ്റെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസ് മറിഞ്ഞു. അപകടത്തിൽ രണ്ട് വാഹനങ്ങളിലുമായി നാല് പേർ മരിക്കുകയും 16 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളജിലടക്കം എത്തിച്ച് ചികിൽസിച്ചെങ്കിലും അരയ്ക്ക് താഴേക്ക് തളർന്ന് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. വാദിക്ക് വേണ്ടി അഭിഭാഷകരായ ജോസ് വൈ ജെയിംസ്, കെ പി ജോബി എന്നിവർ കോടതിയിൽ ഹാജരായി.































