ശബരിമല : ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഏറ്റവും മികച്ചതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇക്കാര്യത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളേയും അഭിനന്ദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമലയില്‍ കേരളാ പോലീസ് സേന നടത്തുന്നത് ഏറ്റവും ശ്ലാഘനീയമായ സേവനമാണ്. എന്‍ ഡിആര്‍ എഫ് ഉള്‍പ്പടെയുള്ള സേനകള്‍ മികച്ച സേവനം നടത്തുന്നതായും വി മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്ന വിഷയത്തില്‍ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിയുമായും വനം വകുപ്പുമായും വിശദമായ ചര്‍ച്ച നടത്തും. തുടര്‍ന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ വ്യത്യാസവും ഉണ്ടാകില്ലെന്നും അദ്ദേഹംപറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.