കൊച്ചി : കയ്യില്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ ഇനി റെയിൽവേ സ്റ്റേഷനുകളിൽനിന്ന് കാർ വാടകയ്‌ക്കെടുത്ത് സ്വയം ഓടിച്ചുപോകാം. ദക്ഷിണ റെയിൽവേക്കു കീഴിലെ ആദ്യ ‘റെന്‍റ് എ കാർ’ സംവിധാനത്തിന് കേരളത്തിൽ തുടക്കമാകുകയാണ്. തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള നാല് റെയിൽവേ സ്റ്റേഷനുകളിൽ ഈ മാസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശ്ശൂർ എന്നിവിടങ്ങളിലാണിത്. ഓരോ സ്‌റ്റേഷനിലും അഞ്ചുവീതം കാറുകളുണ്ടാകും. നിർദേശിച്ച സ്ഥലത്ത് നിശ്ചിതസമയത്തിനുള്ളിൽ കാർ തിരിച്ചേൽപ്പിച്ചാൽ മതി. കാർ ബുക്ക് ചെയ്യാനുള്ള കിയോസ്‌ക് റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിക്കും. ഓൺലൈൻ ബുക്കിങ് സൗകര്യവും പരിഗണനയിലുണ്ട്. ഇൻഡസ് ഗോ എന്ന ഏജൻസിയെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി വിജയകരമെന്നുകണ്ടാൽ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എം.ബാലമുരളി പറഞ്ഞു.
കയ്യില്‍ ലൈസന്‍സ് ഉണ്ടോ? എങ്കില്‍ ഇനി റെയിൽവേ സ്റ്റേഷനുകളിൽനിന്ന് കാർ വാടകയ്ക്ക് ലഭിക്കും ; പുതിയ പദ്ധതി ഈ മാസം
RECENT NEWS
Advertisment