ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാഹുലിന് ബുദ്ധി അല്‍പം കുറവായിരുന്നു ഇപ്പോള്‍ അത് നഷ്ടമായെന്നും ഇനി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ഗിരിരാജ് സിങ് പരിഹസിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍ ട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പട്ടിക അതാത് സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കൈമാറുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിര്‍ത്തണമെന്നും ഗിരിരാജ് സിങ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.
ഈ രാജകുമാരനെക്കുറിച്ച് ഞാന്‍ പറയാം. അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോള്‍ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും. കോവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നല്‍കുന്നത്. നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിര്‍ത്തണം – ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.
ഇവിടെ ഓക്സിജന്റെ അഭാവം മാത്രമല്ല അന്നും ഇന്നും സത്യത്തിന്റെയും അവബോധത്തിന്റെയും അഭാവമുണ്ട് എന്നായിരുന്നു കേന്ദ്രത്തെ വിമര്‍ശിച്ചുള്ള രാഹുലിന്റെ ട്വീറ്റ്. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഓക്സിജന്‍ ക്ഷാമം മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നത്. എല്ലാവര്‍ക്കും സത്യമറിയാമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും മന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.