ന്യൂഡല്‍ഹി : സ്വർണാഭരണങ്ങൾക്ക് എച്ച്‍.യു.ഐ.ഡി (ഹാൾമാർക്കിംഗ് യൂണിക് ഐഡന്റിഫിക്കേഷൻ) പതിക്കണമെന്ന നിയമം നടപ്പാക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് അസോസിയേഷൻ നിവേദനം നൽകി.
ജൂലൈ ഒന്ന് മുതൽ എച്ച്‍.യു.ഐഡി നിർബന്ധമാക്കിയത് സ്വർണ വ്യാപാര മേഖലയിലുളളവരെ ബുദ്ധിമുട്ടിലാക്കിയതായി അസോസിയേഷൻ വ്യക്തമാക്കി. മുൻപ് ഉണ്ടായിരുന്ന ഹാൾമാർക്കിംഗ് രീതി രണ്ട് വർഷത്തേക്ക് കൂടി തുടരാൻ അനുവദിക്കണം. വ്യാപാര സ്ഥാപനത്തിന്റെ പേര് കൂടി ആഭരണത്തിൽ ചേർക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. എച്ച്‍.യു.ഐഡി പതിക്കുന്നതുമായി ബന്ധപ്പെട്ട് ഹാൾമാർക്കിംഗ് സെന്ററുകളിൽ കാലതാമസം വരുന്നുണ്ട്. എച്ച്‍.യു.ഐ.ഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളിൽ പതിപ്പിക്കേണ്ടത്.