ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിട ഉടമ അനധികൃതമായി കൂടുതല്‍ നിലകള്‍ കെട്ടി ഉയര്‍ത്തിയതാണ് അപകട കാരണം എന്ന് കണ്ടെത്തിയിരുന്നു. അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മുമ്പ് പൂട്ടാന്‍ ശുപാര്‍ശ നല്‍കിയ കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷമാണ് നിയമവിരുദ്ധമായി ഹോസ്റ്റല്‍ ആരംഭിച്ചത്. സംഭവത്തില്‍ കടുത്ത നിയമലംഘനവും അഴിമതിയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡല്‍ഹി സൗത്ത് സോണ്‍ ഡപ്യൂട്ടി കമ്മിഷണര്‍ രാകേഷ് കുമാര്‍, സൂപ്രണ്ട് എന്‍ജിനീയര്‍ രണ്‍വീര്‍ സിങ്, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ലളിത് കുമാര്‍ ഗോയല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ ചൗഹാന്‍, ജൂനിയര്‍ എന്‍ജിനീയര്‍ ആശിഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
അതേസമയം, അപകടത്തിലെ മരണ സംഖ്യ മറച്ചു വെക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐ രംഗത്ത് വന്നു. ആശുപത്രിയില്‍ 11 മൃതദേഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഏഴ് മരണം ആണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നതെന്നും എന്‍എസ്യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാഖര്‍ ആരോപിച്ചു. അപകടത്തിന്റെ തീവ്രത കുറച്ചുകാണിക്കാന്‍ മരണങ്ങള്‍ മറയ്ക്കുന്നതാണെന്നുമാണ് ആരോപണം.































