റാന്നി : അശാസ്ത്രീയ കലുങ്കു നിര്‍മ്മാണം സ്കൂള്‍ മുറ്റത്തെ ചെളിക്കുളമാക്കി മാറ്റുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വൈക്കം കുത്തുകല്ലുങ്കല്‍ പടിയിലെ കലുങ്ക് നിര്‍മ്മാണത്തിലാണ് നാട്ടുകാര്‍ അപാകത ആരോപിക്കുന്നത്. വൈക്കം ഗവ.എല്‍പി സ്കൂളിന്‍റെ കെട്ടിടങ്ങളുടെ മധ്യത്തിലൂടാണ് പഴയ കലുങ്ക് സ്ഥാപിച്ചിരുന്നത്. നിലവലെ രണ്ടു കലുങ്കുകള്‍ അടയ്ക്കുകയും സ്കൂളിന്‍റെ രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ പുതിയ വലിയ കലുങ്കു സ്ഥാപിക്കുകയും ചെയ്തു. ഇതോടെ മഴക്കാലത്ത് കുത്തൊഴുക്കുണ്ടായി ചെളി വെള്ളം സ്കൂള്‍ മുറ്റത്തെത്തി. മഴക്കാലത്തു വെള്ളം സ്കൂളിന്‍റെ മുറ്റത്തേക്ക് കൂടുതലായെത്തുന്നത് കുട്ടികള്‍ക്ക് ഭീക്ഷണിയാകും.
കൂടാതെ വെള്ളം ഒഴുകിയെത്തി നിലവില്‍ ഓടയില്ലാത്ത തിരുവാഭരണ പാത തകരുന്നതിനും ഇതു കാരണമാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളിന് സമീപമുള്ള പത്തടിയോളം വീതിയുള്ള തോട്ടിലേയ്ക്കുള്ള കലുങ്കാണ് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചിരിക്കുന്നത്. തെക്കേപ്പുറം വാര്‍ഡിന്‍റെ അതിര്‍ത്തി തോടാണിത്. ഈ കലുങ്കുകള്‍ അടച്ചതോടെ പുതിയ കലുങ്കിലേയ്ക്കെത്തുന്ന വെള്ളം റോഡിലേയ്ക്കാണെത്തുക. തിരുവാഭരണ പാത എത്തിച്ചേരുന്ന ബ്ലോക്കുപടിലെ കോഴഞ്ചേരി-റാന്നി റോഡിന്‍റെ ഭാഗം ഉയര്‍ത്തിയിരിക്കുകയാണ്. ഈ വെള്ളം ഒഴുകിപോവാന്‍ സ്ഥലമില്ലാതെ തിരുവാഭരണ പാതയില്‍ കെട്ടിക്കിടക്കുന്നതോടെ ഇതുവഴി സഞ്ചരിക്കാന്‍ പറ്റാതാവും.
സ്കൂളിന്‍റെ മുറ്റം മുഴുവന്‍ അപഹരിച്ചാണ് പുതിയ റോഡിന്‍റെ നിര്‍മ്മാണം നടക്കുന്നത്. പിന്‍വശം തിരുവാഭരണ പാതയുമാണ്. മധ്യത്തിലൂടെ പുതിയതായി രൂപം കൊണ്ട തോടുകൂടിയായപ്പോള്‍ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവ.സ്കൂളിന്‍റെ ഖ്യാതി സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന സ്കൂളെന്നായി. പരാതികളുടെ അടിസ്ഥാനത്തില്‍ കെ.എസ്.ടി.പി, പൊതുമരാമത്ത്, റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഇതുവരെ ആയിട്ടില്ല. നവംബറില്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പായി സ്കൂള്‍ മുറ്റത്തെ ചെളി നീക്കി പൂര്‍വ്വസ്ഥിതിയിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.