ലഖ്‌നൗ : നേതാക്കളെ തടഞ്ഞു വെയ്ക്കുകയും, അറസ്റ്റ് നടത്തുകയും ചെയ്യുന്നു യുപിയില്‍ സര്‍ക്കാരിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല. യു.പിയിലെ ലഖിംപൂരില്‍ നടക്കുന്ന സര്‍ക്കാരിന്റെ പേക്കൂത്തുകള്‍ പുറംലോകമറിയാതിരിക്കാനുള്ള നീക്കങ്ങള്‍ തകൃതിയാക്കി യോഗി സര്‍ക്കാര്‍. നേതാക്കള്‍ക്കൊന്നും ലഖിംപൂരിലേക്ക് യോഗി സര്‍ക്കാര്‍ അനുതി നല്കുന്നില്ല. സംഭവസ്ഥലത്തേക്ക് പുറപ്പെട്ടവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയും വീടുകളില്‍ തടഞ്ഞു വെച്ചിരിക്കുകയുമാണ്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയേയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സീതാപൂരില്‍വെച്ചാണ് ആസാദിനെയും സംഘത്തെയും പോലിസ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്രയെയും പോലിസ് തടഞ്ഞു. സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല.
എസ്.പി നേതാവ് അഖിലേഷ് യാദവും ലഖിംപൂരിലേക്ക് പോകുമെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ വീടിന് പുറത്ത് പോലീസ് സംഘം ക്യാമ്പ്ചെയ്യുകയാണ്. ആര്‍.ജെ.ഡി നേതാവ് ജയന്ത് ചൗധരിയും ലഖിംപൂരിലെത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവയെയും വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കരുതെന്ന് യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലഖ്‌നൗ വിമാനത്താവള അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പോലിസ് വിവിധ നേതാക്കളെ തടയുന്നത്. എന്നാല്‍ ലഖിംപൂര്‍ സന്ദര്‍ശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചോദ്യം.