ന്യൂഡൽഹി : ഹരിയാൻവി ഗായകനും യുട്യൂബറുമായ അങ്കിത് ബല്യാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടുപേരെ ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. സുമിത്, മോഹിത് എന്നിവരാണു കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26 ന് ഷാംലിയിൽ വച്ചാണ് അക്രമികൾ അങ്കിത്തിനു നേരെ വെടിയുതിർത്തത്. ആറു പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാലുപേരാണ് അങ്കിത്തിനെ വെടിവച്ചത്. മറ്റുപ്രതികള്‍ ഒളിവിലാണ്. ജിമ്മിൽനിന്നു പുറത്തേക്കു ഇറങ്ങുമ്പോഴായിരുന്നു അങ്കിത്തിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. 16 തവണയണാണ് ആക്രമികൾ അങ്കിത്തിനുനേരെ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലയാളികളെ നാലു ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് അങ്കിത്തിന്റെ ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഹരിയാനയിലെ സോനിപത്തിൽനിന്നുള്ള ഗോഗി സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ഭോലു ഷാഹ്പുരി എന്നയാൾ അവകാശപ്പെട്ടിരുന്നു. മറ്റുപ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ഷാംലി സ്വദേശിയായ അങ്കിത്തിന് ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കൊലപാതകത്തിനു മണിക്കൂറുകൾക്ക് മുൻപ് അങ്കിത് പുതിയ പാട്ടിന്റെ വരികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ‘റോഡിൽ കൊലപാതകം’ എന്ന അർഥം വരുന്ന വരികളാണ് പങ്കുവച്ചത്. അങ്കിത്തിന്റെ പാട്ടുകളിൽ പലപ്പോഴും അക്രമം, വെല്ലുവിളി, വൈരാഗ്യം എന്നിവ നിറഞ്ഞിരുന്നു.































