മുസഫര്‍ : മുസഫര്‍ നഗറില്‍ അഴിഞ്ഞാടിയ യു.പി പോലീസ് മരണ വീട് പോലും ഒഴിവാക്കിയില്ല. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പോലീസ് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വളഞ്ഞിട്ട് തല്ലി. രണ്ട് ദിവസം മുമ്പ് മകന്‍ മരിച്ച വേദനയില്‍ കഴിഞ്ഞിരുന്ന അച്ഛന്‍ സദറിനെ മര്‍ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി.
ധനാഢ്യരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അടിച്ചു തകര്‍ക്കുന്നതിനിടയിലാണ് ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന സദര്‍ ഖുറൈശിയുടെ വീട്ടില്‍ പോലിസ് എത്തുന്നത്. മരണമടഞ്ഞ മകന്‍ നൂര്‍ മുഹമ്മദിന്റെ ദുഖാചരണത്തിനായി ഒത്തു കൂടിയ അടുത്ത ബന്ധുക്കളായ ചില സ്ത്രീകളും സദറും ഭാര്യയും മാത്രമായിരുന്നു ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ വാതില്‍ ഒറ്റച്ചവിട്ടിന് പൊളിച്ച പോലിസ് അകത്ത് ദുഖാചരണത്തിലായിരുന്ന മുഴുവന്‍ സ്ത്രീകളെയും വളഞ്ഞിട്ടു തല്ലി.
പുരുഷ പോലിസുകാരായിരുന്നു ഇതെന്നും സംസ്‌കാരമുളള ഒരാളും ഉപയോഗിക്കാത്ത ഭാഷയായിരുന്നു അവരുടേതെന്നും ബന്ധു പറയുന്നു. ഈ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സെന്‍റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാട്ടിയത് വിശാലമായ സ്‌റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ അതിക്രമങ്ങളെന്നാണ്. നിയമവാഴ്ചയുടെയോ മാനവികതയുടെയോ ഒരു അടയാളവും അതിലുണ്ടായിരുന്നില്ല.