ന്യൂഡൽഹി : ശുദ്ധജലമടക്കം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ വിദ്യാർഥികൾ ആരംഭിച്ച സമരം കൂടുതൽ സ്കൂളുകളിലേക്കു വ്യാപിച്ചു. സർക്കാർ സ്കൂളുകളിലെ അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യമില്ലാത്ത കെട്ടിടങ്ങൾ, വ്യത്തിഹീനമായ ഉച്ചഭക്ഷണം, ശുദ്ധജലക്ഷാമം, അധികൃതരുടെ മോശംപെരുമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയാണ് യുപിയിൽ പ്രൈമറി സ്കൂളിലെ കുട്ടികളടക്കം സമരത്തിനിറങ്ങിയത്. കഴിഞ്ഞ മാസാവസാനം ഫത്തേപുരിലെ സർവോദയ സ്കൂളിൽ ഫാനുകളും ശുചിമുറികളും ശുദ്ധജലവും ആവശ്യപ്പെട്ട് 1500 കുട്ടികൾ 6 മണിക്കൂർ ധർണയിരുന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്കു സ്ഥലത്തെത്തി ഉറപ്പുകൊടുക്കേണ്ടിവന്നു.
ഈ മാസം സമാനമായ ആവശ്യങ്ങളുമായി 6 ഇടങ്ങളിൽ കുട്ടികൾ തെരുവിലിറങ്ങി. കനൗജിലെ ജവാഹർ നവോദയ വിദ്യാലയത്തിലെ കുട്ടികൾ മെസ് ഭക്ഷണം ബഹിഷ്കരിച്ച് ഹോസ്റ്റൽ മുറിയിൽ അടച്ചിരുന്നാണു പ്രതിഷേധിച്ചത്. ഭട്പുർവ സമുഹിയിൽ മുടങ്ങിക്കിടക്കുന്ന കെട്ടിടനിർമാണം ഉടൻ പൂർത്തിയാക്കുമെന്ന ഉറപ്പു ലഭിക്കാതെ ക്ലാസിലിരിക്കില്ലെന്നു പ്രഖ്യാപിച്ച് 250 ൽ ഏറെ പ്രൈമറി വിദ്യാർഥികളാണു ധർണയിരുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം യുപിയിലെ ഹാമിർപുർ സർക്കാർ സ്കൂളിലെ 300 കുട്ടികളാണു 6 കിലോമീറ്റർ നടന്ന് കലക്ടറേറ്റ് മാർച്ച് നടത്തിയത്. ലക്നൗവിൽ അധ്യാപക ക്ഷാമത്തിനും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനുമെതിരെയാണ് സമരങ്ങൾ നടക്കുന്നത്. ഉന്നാവിലും കുട്ടികളുടെ സമാനപ്രതിഷേധം ആരംഭിച്ചു. ഡൽഹി ജെൻ സീ പ്രക്ഷോഭ മാതൃകയിൽ ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും സമാനമായ ജെൻ ആൽഫ പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വലിയ ജനശ്രദ്ധനേടുന്ന സമരം പ്രതിരോധത്തിലാക്കിയതോടെ, യുട്യൂബർമാർ സ്കൂളുകളിൽ കയറി വിഡിയോ എടുക്കുന്നതു വിലക്കി യുപി സർക്കാർ ഉത്തരവിട്ടു. കുട്ടികളോടു നേരിട്ടു സംസാരിച്ച് പ്രശ്നപരിഹാരം കണ്ടെത്താൻ സമരമേഖലയിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. കുട്ടികൾക്കെതിരെ ബലപ്രയോഗം പാടില്ലെന്നു പൊലീസിനും നിർദേശം നൽകി. സ്കൂളുകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടിയെടുക്കാൻ കലക്ടർമാർക്കും നിർദേശമുണ്ട്.





























