തിരുവനന്തപുരം : ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായതോടെ കുതിച്ചുയർന്ന് ബെവറജസ് കോർപ്പറേഷനിലെ ഓണക്കാല മദ്യവിൽപ്പന. 18 മുതൽ 20 വരെയുള്ള മൂന്നുദിവസംമാത്രം ബൈവ്കോ ഔട്ട് ലെറ്റിലൂടെ വിറ്റത് 232.99 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്ത് ആദ്യ മൂന്നുദിവസത്തെ വിൽപ്പന 209.89 കോടി രൂപയായിരുന്നിടത്താണ് ഇത്തവണ 23.1 കോടിയുടെ വർധന. ‘ഓപ്പറേഷൻ തൂഫാ’നെത്തുടർന്ന് മയക്കുമരുന്ന് കിട്ടാതായവർ മദ്യത്തിലേക്കു തിരിയുന്നുവെന്നതിനു തെളിവാണ് കുതിച്ചുയരുന്ന മദ്യ വിൽപ്പനയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലെ കണക്കു പ്രകാരം വിൽപ്പനയിൽ പെരിന്തൽമണ്ണ ഔട്ട് ലെറ്റാണ് മുന്നിൽ -90 ലക്ഷം രൂപ.
തിരൂർ -78 ലക്ഷം, ചാലക്കുടി -62 ലക്ഷം, ചേർത്തല -62 ലക്ഷം എന്നിങ്ങനെയാണ് കൂടുതൽ മദ്യവിൽപ്പന നടന്ന ഔട്ട് ലെറ്റുകൾ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9345 ആയി. ആകെ 10085 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8289.879 ഗ്രാം എംഡിഎംഎയും 1032.175 കിലോഗ്രാം കഞ്ചാവും 515.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.





























