തിരുവനന്തപുരം: ലോകായുക്തയ്ക്കു പിന്നാലെ ഉപലോകായുക്തയും വിരമിക്കുന്നതോടെ, രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരായ അഴിമതിക്കേസുകളിൽ വിചാരണ ഇനി നിലയ്ക്കും. ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ച് 26ന് വിരമിച്ചിരുന്നു. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് വരുന്ന 28ന് വിരമിക്കും. ഇതോടെ ലോകായുക്തയിലെ ഡിവിഷൻബെഞ്ച് ഇല്ലാതാവും. മന്ത്രിമാർ, എം.എൽ.എമാർ, ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കെതിരായ അഴിമതിക്കേസുകളും അനധികൃത സ്വത്ത് കേസുകളും കേട്ടിരുന്നത് ഡിവിഷൻ ബെഞ്ചാണ്. മറ്റൊരു ഉപലോകായുക്തയായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് മാത്രമാവും ലോകായുക്തയിൽ ശേഷിക്കുക.
സർക്കാർ ജീവനക്കാർക്കും സിവിൽ സർവീസുകാരൊഴികെയുള്ള ഉദ്യോഗസ്ഥർക്കുമെതിരായ കേസുകൾ മാത്രമാണ് സിംഗിൾബെഞ്ച് പരിഗണിക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളതിനാൽ ലോകായുക്ത, ഉപലോകായുക്ത നിയമനങ്ങൾ ഇനിയും നീളാനാണ് സാദ്ധ്യത. കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ഡിവിഷൻബെഞ്ചിന്റെ ക്യാമ്പ്സിറ്റിംഗുകളും ഇല്ലാതായി.അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം എന്നിവയെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവുന്ന ഏകസംവിധാനമാണ് ലോകായുക്ത. വിജിലൻസിനും വിജിലൻസ് കോടതിക്കുമെല്ലാം കേസെടുക്കാൻ സർക്കാർ അനുമതിയും വേണം.