തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭാ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാ അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിലെ നിലപാട് തള്ളിയ ഗവര്‍ണര്‍ തീരുമാനത്തില്‍ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും മറുപടി നല്‍കി. നിലവില്‍ സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. ഇതോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി.
ദേശീയതലത്തില്‍ വിവാദമായ കര്‍ഷക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കുന്നതിനായി ചേരേണ്ടിയിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. കാര്‍ഷിക നിയമം കേരളത്തിലെ കര്‍ഷകരെ ബാധിക്കുമെന്ന സര്‍ക്കാരിന്‍റെ വിശദീകരണം തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.
തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗവര്‍ണറുടെ നടപടിയെ എതിര്‍ത്ത യുഡിഎഫ് നിയമസഭാ ലോഞ്ചില്‍ പ്രമേയം പാസാക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാരിനെയും വിമര്‍ശിച്ചു.