ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണ്‍ രണ്ടാഴ്ച പിന്നിട്ടു. ഇതിനിടെ ഒട്ടനവധി കാഴ്ചകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. അതിൽ ഏറ്റവും വേദനാജനകം കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പാലായനം തന്നെയായിരുന്നു. ജീവനും കൈയിൽ പിടിച്ച് നൂറു കണക്കിന് കിലോമീറ്ററുകൾ നടന്ന് സ്വന്തം നാടുകളിലേക്ക് പോകുന്ന കാഴ്ച.
രാജ്യത്തൊട്ടാകെ 6.1 ലക്ഷം കുടിയേറ്റ തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാരുകൾ പാർപ്പിടം ഒരുക്കിയത്. ഇതിൽ മൂന്ന് ലക്ഷത്തിലധികം പേർ കേരളത്തിലാണ്. ഇവർക്കെല്ലാം താമസ സ്ഥലമൊരുക്കാനായി എന്നത് തന്നെയാണ് കേരള സർക്കാരിന്റെ ലോക്ക്ഡൗണ്‍ കാലത്തെ പ്രധാന നേട്ടങ്ങളിലൊന്ന്. ഡൽഹിയിൽ നിന്നും തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് പാലായനം നടത്തുമ്പോൾ കേരളത്തിലെ അതിഥി തൊഴിലാളികൾ സുരക്ഷിതരാണ്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
ഡൽഹി, ഹരിയാന സർക്കാരുകൾ കുടിയേറ്റ തൊഴിലാളികൾക്ക് രണ്ടു നേരത്തെ ഭക്ഷണമാണ് ഭക്ഷ്യ ക്യാമ്പുകൾ വഴി നൽകുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന സർക്കാരുകൾ കുടിയേറ്റ തൊഴിലാളികൾക്ക് 54.15 ലക്ഷം ഭക്ഷണ പൊതികളാണ് നൽകിയിരിക്കുന്നത്. അതിൽ 34.7 ലക്ഷം നൽകിയത് ഡൽഹി, ഹരിയാന സർക്കാരുകളാണ്. ഹരിയാന 22.38 ലക്ഷം, ഡൽഹി 12.32 ലക്ഷം. ഉത്തർപ്രദേശ് (6.84 ലക്ഷം), ഉത്തരാഖണ്ഡ് (2.65 ലക്ഷം), പഞ്ചാബ് (1.94 ലക്ഷം), ജാർഖണ്ഡ് (1.22 ലക്ഷം), കർണാടക (1.12 ലക്ഷം) എന്നിവയാണ് ഒരു ലക്ഷത്തിൽ കൂടുതൽ ഭക്ഷണ കിറ്റുകൾ നൽകിയ മറ്റ് സംസ്ഥാനങ്ങൾ. 14,354 പേർക്ക് ബീഹാർ സർക്കാർ ഭക്ഷണവും പാർപ്പിടവും നൽകിയിട്ടുണ്ട്. ഡൽഹിയിൽ 102 പാർപ്പിടങ്ങളിലായി 4,788 പേർക്ക് അഭയം നൽകി.
നിരാലംബരായ 73,492 പേർക്ക് മഹാരാഷ്ട്ര അഭയം നൽകി. പഞ്ചാബ് സർക്കാർ 1,400 പേർക്ക് മാത്രമാണ് അഭയം നൽകിയിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പതിനഞ്ച് ലക്ഷത്തിലധികം തൊഴിലാളികൾക്ക് തൊഴിലുടമകളും വ്യവസായ അസോസിയേഷനുകളും അഭയവും ഭക്ഷണവും നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലെ ചില എൻജിഒകളും ഈ പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിൽ വ്യവസായ അസോസിയേഷനുകളും തൊഴിലുടമകളും എൻജിഒകളും ചേർന്ന് 3.73 ലക്ഷം തൊഴിലാളികൾക്ക് പാർപ്പിടവും ഭക്ഷണവും നൽകി.
രാജ്യത്ത് 7,848 ഭക്ഷ്യ ക്യാമ്പുകൾ സംസ്ഥാന സർക്കാരുകൾ നടത്തുന്നുണ്ടെന്നും എൻജിഒകൾ 9,473 ഭക്ഷ്യ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നുമാണ് കണക്കുകൾ. എൻജിഒകൾ വാങ്ങിയ ഭക്ഷണം ശരിയായി വിനിയോഗിക്കുന്നുവെന്ന് ജില്ലാ മജിസ്‌ട്രേട്ട് ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു.