ബാഗ്ദാദ് : ഇറാന് അനുകൂല സെെന്യത്തിന്റെ ആയുധപുരകളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. ഇറാന് അനുകൂല സൈന്യത്തിനു തിരിച്ചടി നല്‍കാനായി അമേരിക്ക ഇറാഖിലെ ഹാഷെഡ് അല്‍ഷാബി സൈനികശൃംഖലയുടെ ആയുധപ്പുരകള്‍ ഉള്‍പ്പെടെ അഞ്ച് ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന് നിര്‍മിച്ചതെന്ന് കരുതുന്ന ഇമാം അലി സൈനിക കേന്ദ്രം ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ഇറാക്കിലെ ബാഗ്ദാദിനു വടക്കുള്ള ടാജി വ്യോമതാവളത്തിനു നേര്‍ക്കുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു യുഎസ് സൈനികരും ഒരു ബ്രിട്ടീഷ് സൈനികനുമാണ് കൊല്ലപ്പെട്ടത്. 12 പേര്‍ക്കു പരിക്കേറ്റു. ഒരു ട്രക്കില്‍നിന്നു തൊടുത്തുവിട്ട 18 കാത്യുഷ റോക്കറ്റുകളാണു ക്യാമ്പില്‍ പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്റെ പിന്തുണയുള്ള ഹാഷെഡ് അല്‍ഷാബി സൈനികശൃംഖലയെയാണു സംശയിക്കുന്നത്.