ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ഏഴാം ദിവസമാണ് യു.എസ് ഇറാനെ ആക്രമിക്കുന്നത്. ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ തെക്കൻ ഭാഗങ്ങളിലാണ് യു.എസ് ആക്രമണം. പാലങ്ങളടക്കം ബോംബിട്ട് തകർത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറാൻ പ്രത്യാക്രമണവും നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ബന്ദർ അബ്ബാസടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം നടത്തിയിരുന്നത്. ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയാണ് ആക്രമിച്ചത്. തെക്കൻ ഇറാനിലുള്ള രണ്ട് പാലങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. അതിനിടെ ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിക്കുകയും ചെയ്തിരുന്നു. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിലുണ്ടായിരുന്ന യുഎസിന്റെ നിരവധി സൈനിക വിമാനങ്ങൾ ആക്രമിച്ചുവെന്നാണ് ഇറാന്റെ വാദം.
യുഎസിന്റെ നിരവധി റീഫ്യൂവലിങ് എയർക്രാഫ്റ്റും യുദ്ധവിമാനങ്ങളും തകർത്തുവെന്നും ഒട്ടേറെയെണ്ണത്തിന് ഗുരുതര കേടുപാടുകൾ വരുത്തിയെന്നുമാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ പ്രസ്താവനയിൽ പറയുന്നത്. ഇറാൻഷഹറിലെ ഇറാനിയൻ സൈനികരെ കൊലപ്പെടുത്തിയതിന് പകരമായി സിറിയയിലെ അൽ ടൻഫിലുള്ള യുഎസിന്റെ സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിനുനേർക്കും ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടിട്ടുണ്ട്. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.






























