വാഷിങ്ടണ്‍ : യുഎസില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,332 പേരാണ് മരിച്ചത്. ഇതോടെ യുഎസില്‍ മരണസംഖ്യ അരലക്ഷത്തോട് അടുത്തു. ഒറ്റ ദിവസത്തില്‍ ഇത്രയും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇതാദ്യമായാണ്. യുഎസില്‍ മൊത്തം 8,69,000 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 49,963 ആയി.
ആള്‍ നഷ്ടത്തിനൊപ്പം കനത്ത സാമ്പത്തിക നഷ്ടത്തില്‍ കൂടിയാണ് യുഎസ് കടന്നു പോകുന്നത്. കൊവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ രാജ്യത്ത് 2.6 കോടി ജനങ്ങളാണ് തൊഴില്‍ രഹിതരായത്. അമേരിക്കയിലെ ആറു പേരില്‍ ഒരാള്‍ക്ക് വീതം തൊഴില്‍ നഷ്ടപ്പെട്ടു. 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിത്. അതേസമയം കൊവിഡ് ബാധിച്ച് ലോകമാത്താകമാനം മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുത്തു. യുഎസിലെ അരലക്ഷം അടക്കം 1,90,000 പേരാണ് ഇതുവരെ മരിച്ചത്. ലോകത്താകമാനം 27 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ 7,50,000 പേര്‍ രോഗമുക്തരായി.