ഫിലാഡല്‍ഫിയ: ബര്‍ഗറുകള്‍ ഏറ്റവും ജനപ്രിയമായ ഫാസ്റ്റ് ഫുഡുകളില്‍ ഒന്നാണ്. പല രുചിയില്‍ പല വിലയില്‍ ബര്‍ഗറുകള്‍ ലഭ്യമാണ്. യു.എസിലെ ഒരു റെസ്റ്റോറന്റില്‍ പുതുതായി പുറത്തിറക്കുന്ന ബര്‍ഗറിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഏകദേശം 57,987 രൂപയാണ് ഈ ബര്‍ഗറിന്റെ വില.ഏറ്റവും വിലയേറിയ ചീസ് ബര്‍ഗര്‍ ഫിലാഡല്‍ഫിയയിലെ ‘ഡ്രൂറി ബിയര്‍ ഗാര്‍ഡന്‍’ എന്ന റെസ്റ്റോറന്റാണ് നിര്‍മിക്കുന്നത്. ഏറെ നാളത്തെ പരീക്ഷണത്തിനൊടുവിലാണ് ഈ സ്‌പെഷ്യല്‍ ബര്‍ഗര്‍ വികസിപ്പിച്ചെടുത്തത്.
ബര്‍ഗറില്‍ എട്ട് ഔണ്‍സ് ജാപ്പനീസ് A5 വ്യാഗു ബീഫ്, വെക്സ്ഫോര്‍ഡ് പഴക്കമുള്ള ഐറിഷ് ചെഡ്ഡാര്‍ ചീസ്, ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫിള്‍, ഇറ്റാലിയന്‍ കാവിയാര്‍, ലോബ്സ്റ്റര്‍ മാംസം, വൈല്‍ഡ്ഫ്ലോര്‍ ബേക്കറി ബ്രിയോഷ് ബണ്‍ ടോപ്പ് എന്നിവ ചേര്‍ത്താണ് പാകം ചെയ്യുന്നത്. ഇതിനെല്ലാം പുറമെ ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണ ഇലകളും ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് റെസ്റ്റോറന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.