ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് കാണാതായ 170 പേര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ പുന:രാരംഭിച്ചു. ചമോലിയിലെ പ്രധാന നദികളില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങള്‍ ഏഴുമണിയോടെ സംഭവസ്ഥലത്തെത്തി.
അപകടത്തില്‍ 170 പേരെ കാണാതായി. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെ രക്ഷപെടുത്തി. ഇതില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിയിലെ 900 മീറ്റര്‍ നീളമുളള തപോവന്‍ ടണലില്‍ ഏകദേശം 40 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതില്‍ 12 പേരെ രക്ഷപെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. ധൗലിഗംഗയിലെ ടണലില്‍ 3035 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപെടുത്താനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് പവര്‍ പ്രൊജക്ടുകളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പ്രധാനമായും അപകടത്തിന് ഇരയായിരിക്കുന്നത്.