ലഖ്‌നൗ: മലയാളി യുവതിയെ ദുബൈയില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശി പിടിയില്‍. 29 കാരനായ നദീംഖാനെ കേരള പോലീസാണ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവതിയാണ് ഇരിക്കൂര്‍ പോലീസില്‍ പീഡന പരാതി നല്‍കിയത്. യുപി പോലീസിന്റെ സഹകരണത്തോടെ കേരള പോലീസ് യുപിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.
ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. യുവതി കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു നദീം ഖാന്‍. ഇരുവരും തമ്മില്‍ അടുപ്പത്തിയി. പിന്നീട് യുവാവ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറി. വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതോടെ നദീം ഖാന്‍ പെട്ടെന്ന് ദുബായില്‍ നിന്നും നാട്ടിലേക്ക് മുങ്ങി. ഇതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവതി കേരളത്തില്‍ തിരിച്ചെത്തി പ്രതിക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നു.





























