ഡെറാഡൂൺ : കേരളത്തിന് പിന്നാലെ ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം. നഗരങ്ങളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. 16 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് വിവരം. നൈനിത്താളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
ഇതിന് പിന്നാലെ ഉണ്ടായ കനത്ത പേമാരിയിൽ വൻനാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കൃഷിഭൂമികൾ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്.
രാംനഗറിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ 100 പേർ കുടുങ്ങി കിടക്കുന്നതായി ഉത്തരാഖാണ്ഡ് ഡി.ജി.പി അശോക് കുമാർ അറിയിച്ചു. അവർക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തമഴ തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഹെക്ടർ കണക്കിന് ഭൂമിയിലെ കൃഷി നശിച്ചതായി കർഷകർ പറയുന്നു. മഴക്കെടുതിയിൽ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.