ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ എം സ്വരാജിനെതിരെ രൂക്ഷ വിമർശനവുമായി വി കുഞ്ഞിക്കൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി സി പി എം വിട്ട് യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വി കുഞ്ഞിക്കൃഷ്ണൻ. തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. തെളിവുകൾ മറച്ചുവെച്ച് വെറും വാക്പ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും വാക്കുകളുടെ മായാവലയത്തിൽ എല്ലാവരും വീഴില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫണ്ടിനെക്കുറിച്ച് രക്തസാക്ഷി ധനരാജിന്റെ കുടുംബത്തോട് ചോദിക്കാൻ പറഞ്ഞത് കുറുക്കന്റെ ബുദ്ധിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ പരിഹസിച്ചു.

പാർട്ടി ആശ്രിതരുടെ നിസ്സഹായതയെ ബുദ്ധിപരമായി ചൂഷണം ചെയ്യാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. ചട്ട കണ്ട് പുസ്തകത്തെ വിലയിരുത്താൻ കഴിയില്ലെന്ന് പറയുന്നത് പോലെയാണ് സ്വരാജിന്‍റെ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വി.കുഞ്ഞികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് : ചട്ട കണ്ട്‌ പുസ്തകത്തെ വിലയിരുത്തരുത്‌ എന്ന ഒരു വാക്യമുണ്ട്‌. അനർഗ നിർഗ്ഗളം പൊഴിക്കുന്ന വാക്‌ സാമർഥ്യത്തിൽ വീണുപോകരുത്‌. കാരണം വാക്കുകളിൽ പുറമേ കാണുന്ന മാനവികതയുടെ കുത്തൊഴുക്ക് പ്രവർത്തിയിൽ കാണണമെന്നില്ല. കേരളത്തിലെ മാധ്യമങ്ങൾക്ക് മുൻപിൽ കാർക്കശ്യക്കാരനും ധാർമികത വാരി വിതറുകയും സാധാരണ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പടവാളുയർത്തുകയും ചെയ്യുന്ന സ്വരാജ്, പാർട്ടിയുടെ ഘടനാരൂപത്തിൽ അഭിരമിക്കുന്ന, പാർട്ടിയുടെ ദാർശനിക തലത്തിൽ വാചാടോപം നടത്തുന്ന ഒരു വ്യക്തി മാത്രമാണ്. യഥാർത്ഥത്തിൽ വൈരുധ്യങ്ങളുടെ വിഹായസ്സിൽ അഭിരമിച്ച്; തന്‍റേതന്നെ കുയുക്തിയിൽ ഉടലെടുക്കുന്ന തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്ന വ്യക്തി മാത്രമാണ് സഖാവ് എം സ്വരാജ്.

സ്വരാജിനെ വായിക്കേണ്ടത് സമാനമായ വിഷയത്തിൽ സ്വരാജ് നടത്തിയ പ്രസ്താവനകളെ താരതമ്യപ്പെടുത്തിയാണ്. വൈകാരികമായി ശവംതൂക്കികൾ എന്ന പ്രയോഗത്തിനെ തന്റെ തന്നെ ആധികാരികമെന്ന് തോന്നുന്ന ശൈലിയിൽ തൊട്ട് തലേ ദിവസം അവതരിപ്പിച്ച അതേ സ്വരാജ്‌, സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാർട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാൻ യാതൊരു മടിയും കാണിച്ചില്ല എന്ന് മാത്രമല്ല, അത് വെളിച്ചത്ത് കൊണ്ടുവന്ന എന്നെ അപഹസിക്കുകയും ചെയ്തു! പയ്യന്നൂരിൽ പാർട്ടിയിലെ ആശ്രിത ന്യായീകരണ കുതുകികൾ ചർദ്ദിച്ച് പാളിയ പ്രതിരോധ വചനങ്ങളെ സവിശേഷമായ കണ്ടുപിടിത്തമായി പുനരവതരിപ്പിച്ചു എന്നത്‌ മാത്രമാണ് ഈ മഹാന്റെ സംഭാവന.

ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോൾ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമാണ് സ്വരാജിൽ നിന്നാദ്യമുണ്ടായത്. പിന്നീട് ആ ചോദ്യത്തെ കോൺഗ്രസ്സിനെതിരെ സ്വരാജ്‌ തന്നെ ഉന്നയിച്ച ചോദ്യത്തിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമം മാത്രമായിരുന്നു കണ്ടത്‌. സഖാവ് ധനരാജിന്റേതടക്കമുള്ള വിഷയങ്ങൾ ആദ്യമുന്നയിച്ചത് പാർട്ടിക്കുള്ളിലാണ്.

നിരന്തരമായി ഈ വിഷയത്തിനുമേൽ നടന്ന ഉൾപാർട്ടി പോരാട്ടത്തിന്റെ അനന്തര ഫലമെന്നോണമാണ് പരസ്യമായി ജനങ്ങളുടെ മുന്നിൽ പിന്നീടത് ഉന്നയിക്കേണ്ടി വന്നത്. സ്വരാജ്‌ ബോധപൂർവ്വം അത്‌ തമസ്കരിച്ചു. തന്‍റെ തന്നെ നേതാവിന്റെ മുൻ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാൽ ഈ പോരാട്ടത്തിന്റെ ആരംഭം വർഷങ്ങൾക്ക്‌ മുൻപേ തന്നെ ആരംഭിച്ചതായി തിരിച്ചറിയാൻ സാധിക്കാത്തതല്ല. പക്ഷേ അങ്ങനെ ചെയ്താൽ തർക്കബുദ്ധിക്കാരന്‍റെ കള്ളി വെളിച്ചത്താവും!

20299 എന്ന എസ്‌ബി എക്കൗണ്ട്‌ സാങ്കേതികമായി പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ട്‌ ആണെന്ന് പറഞ്ഞാലും, ഏരിയ സെക്രട്ടറി ആയിരിക്കെ ഞാനത്‌ പിന്നീട്‌ ഉപയോഗിച്ചു എന്ന് പറഞ്ഞാലും, ആ എക്കൗണ്ടിലേക്ക്‌ വന്ന തുക എങ്ങനെയാണ് സഖാവ്‌ ധനരാജിന്റെ വീട്‌ നിർമ്മാണത്തിനുള്ള ധനവിനിയോഗത്തിൽ ഉൾപ്പെടുത്തുകയുണ്ടായത്‌? സ്വരാജ്‌ ഒരക്ഷരം മിണ്ടുന്നില്ല. പകരം ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടക്കുന്നതിൽ വ്യഗ്രത കാട്ടുകയായിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്ഥിര നിക്ഷേപമാക്കി മാറ്റിയ 40 ലക്ഷത്തിൽ 20 ലക്ഷം രൂപ എങ്ങോട്ട് പോയി എന്നതിൻ്റെ കണക്ക് ചോദിക്കുമ്പോൾ ഒരു നയാ പൈസ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഉത്തരമെങ്കിൽ അതിൻ്റെ കണക്ക് ഏരിയ കമ്മറ്റിയുടെ കണക്കിൽ കാണേണ്ടതല്ലേ, കണക്ക് ഓഡിറ്റ് ചെയ്ത ഞാൻ അത് കണ്ടിട്ടില്ലെന്ന് മാത്രമല്ല, സ്ഥിര നിക്ഷേപത്തിൻ്റെ മുഴുവൻ പലിശയും, ചെക്ക് വഴി മാറ്റിയ 2 ലക്ഷം രൂപയും 8035 എന്ന വ്യക്തിഗത എസ്‌ബി എക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകൾ ഉണ്ട് സ്വരാജേ. പിന്നെങ്ങനെയാണ് ഒരു നയാ പൈസ നഷ്ടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുക. തെളിവുകൾ ബോധപൂർവ്വം ഒളിപ്പിച്ച്‌ വച്ച്‌ കൊണ്ടല്ലേ നിങ്ങളുടെ വാക്പ്രയോഗങ്ങൾ.

സ്വരാജ് വാക്കുകളാൽ തീർക്കുന്ന മായാവലയത്തിൽ വീണുപോകുന്നവരുടെ കൂട്ടത്തിൽ ആധികാരികമായ രേഖകളെ നേരിട്ട് പരിശോധിച്ച് അതിലെ ഉള്ളുകളികളെ തിരിച്ചറിഞ്ഞ വ്യക്തികൾ ഉണ്ടാവില്ല. സ്വരാജ്‌ കണ്ണടച്ചാൽ സ്വരാജിനു മാത്രമേ ഇരുട്ടാകൂ. തർക്കബുദ്ധി വലിയ ശേഷിയാണ്. അതേ സമയം ഇരുതല മൂർച്ചയുള്ള വാളുമാണ്.

പ്രയാസമനുഭവിക്കുന്നവന്റെ ആവലാതികൾക്ക് തീർപ്പ് കണ്ടെത്തുന്നതിനായി പോരാടാൻ തർക്കബുദ്ധി ഉപയോഗിക്കാം, അത് പോലെ ആവലാതികൾ ഉന്നയിക്കുന്നവന്റെ ചോദ്യങ്ങളെ നിഷ്പ്രഭമാക്കാനും തർക്കബുദ്ധി ഉപകാരപ്പെടും. ആ അര്‍ഥത്തിൽ തർക്കബുദ്ധി എന്ന വ്യക്തിഗത ഗുണത്തേക്കാൾ പ്രാധാന്യമർഹിക്കുന്നത് അത് എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈകഴുകാനും വിഷയങ്ങളെ വക്രീകരിക്കാനും അത്‌ ഉപയോഗിക്കുമ്പോൾ, കല്പനകൾ വസ്തുതകളുടെ വെളിച്ചത്തിൽ തച്ചുടക്കപ്പെടും! നിസ്സഹായതയുടെ സാഹചര്യത്തിൽ പ്രതികരിക്കുന്നതിൽ മിതത്വം പാലിക്കേണ്ടി വരുന്ന സഖാവ്‌ രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനോട്‌ ചോദിക്കാൻ പറഞ്ഞ സ്വരാജിന്റെ കുറുക്കന്റെ ബുദ്ധിയോട്‌ പുച്ഛം മാത്രം.

പാർട്ടിക്ക്‌ വേണ്ടി നടത്തിയ പോരാട്ടത്തിന്‍റെ പാതയിൽ വീണു പോയവരുടെ ആശ്രിതരുടെ നിസ്സഹായതയെ പറ്റിയും, അവരുടെ നിലനിൽപ്പിനെ പറ്റിയും ഉത്തമമായ ബോധ്യം നമുക്കുണ്ട്‌. കുടുംബത്തിനായി ധനസമാഹരണം നടത്തി, അതിൽ സിംഹഭാഗവും തിരിമറി നടത്തി എന്ന ബോധ്യത്തിൽ നിന്ന്, സഖാവ്‌ ധനരാജിന്റെ കുടുംബത്തിനു നീതിയുറപ്പാക്കുക എന്നതിൽ നിന്നാണു ഈ പോരാട്ടം ആരംഭിക്കുന്നത്‌ തന്നെ. അതിനെ അനീതിയെ ഉരുക്ക് മുഷ്ടികൊണ്ട് ഇല്ലാതാക്കാം എന്നാണ് അധികാരത്തിന്റെ കങ്കാണിമാർ കരുതുന്നതെങ്കിൽ അതിന് കീഴ്പ്പെടാൻ ഞങ്ങൾക്ക്‌ സമ്മതമല്ല.

അധികാരത്തിന്റെ സ്വഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മുകൾ തട്ടിന്റെ സ്വഭാവത്തിന്റെ ഉൽപന്നമാണെന്ന ബോധ്യത്തിൽ നിന്ന് ചെറുമുകുളങ്ങളായി പരസ്പര ബന്ധമില്ലാത്ത വിവിദങ്ങളായ പ്രദേശങ്ങളിൽ ആരംഭിക്കുകയും പിന്നീട്‌ പരസ്പരം ചേർന്നുകൊണ്ട്‌ ഏകീക്രിത സ്വഭാവത്തിലേക്ക്‌ രൂപാന്തരം പ്രാപിക്കുന്ന ഒരു മുന്നേറ്റമാണ് ഞങ്ങൾ നയിക്കുന്നത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ സത്യത്തെ ആയുധമാക്കി നാം മുന്നോട്ട്‌ പോകും. അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...