പത്തനംതിട്ട : 18 വയസിന് മുകളിൽ കോവിഡ് വാക്സിൻ എടുത്തവരുടെ കണക്കിൽ ജില്ല 100 ശതമാനം നേട്ടത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള 8,60,458 പേരാണുള്ളത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ ജില്ലയിൽ 10,00322 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ആരോഗ്യ പ്രവർത്തകരും കോവിഡ് മുൻനിര പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടും. ജില്ലയിൽ രണ്ടു ഡോസും സ്വീകരിച്ചവർ 4,38,426 പേരാണ്.
ജൂൺ ഒന്നിന് ശേഷം കോവിഡ് പോസിറ്റീവായ 17,915 പേർ വാക്‌സിൻ സ്വീകരിക്കാനുണ്ട്. ഇവർക്ക് സമയബന്ധിതമായി വാക്സിൻ നൽകുമെന്നും മന്ത്രി പറഞ്ഞു. അലർജി, മറ്റ് ഗുരുതര അസുഖങ്ങളുള്ളവരും മറ്റ് കാരണങ്ങളാലും വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരായി 4,578 പേരുണ്ട്.
18നും 44 വയസിനും ഇടയിലുള്ള 3,75,976 പേരിൽ 3,71,398 പേർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു. 36250 പേർ രണ്ട് ഡോസും സ്വീകരിച്ചു. 45നും 59 വയസിനും ഇടയിൽ പ്രായമുള്ള 270132 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 140463 പേർ രണ്ട് ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 304232 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 216217 പേർ രണ്ട് ഡോസും സ്വീകരിച്ചു.
വാക്സിൻ വിതരണത്തിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക ഡ്രൈവ് ജില്ലയിൽ നടത്തിയിരുന്നു. ഇപ്പോൾ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പുകൾ നടത്തിവരുന്നു. കലക്ടർ ഡോ.ദിവ്യ എസ് അയ്യരുടെയും ഡിഎംഒ ഡോ. എ .എൽ ഷീജയുടെയും വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ.ആർ സന്തോഷ് കുമാറിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വാക്സിനേഷൻ ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.