അബുദാബി : യുഎഇയിൽ വർഷാവസാനത്തോടെ 100% പേരും കോവിഡ് വാക്സീൻ എടുക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നിലവിൽ 16 വയസ്സിനു മുകളിലുള്ള 72 ശതമാനം പേരും വാക്സീൻ എടുത്തു. ഇന്നലെ വരെ 1.12 കോടി ഡോസ് വാക്സീനാണ് നൽകിയത്. ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ എടുത്തവർക്ക് പിന്നീട് രോഗം പിടിപ്പെട്ടാലും ഗുരുതരമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കാനും വാക്സീനിലൂടെ കഴിയും.
വാക്സീൻ പരീക്ഷണത്തിൽ പങ്കെടുത്തവർ, ഗർഭിണികൾ, മറ്റുരാജ്യങ്ങളിൽ നിന്ന് വാക്സീൻ എടുത്തവർ, കോവിഡ് ചികിൽസ തുടരുന്നവർ, വാക്സീൻ അലർജിയുള്ളവർ, ഗുരുതര രോഗങ്ങൾക്കു ചികിൽസ തുടരുന്നവർ എന്നിവർക്കു മാത്രമാണ് ഇളവ്. പ്രസ്തുത ആരോഗ്യാവസ്ഥ സംബന്ധിച്ച സർട്ടിഫിക്കറ്റ് അൽ ഹൊസൻ ആപ്പിൽ അപ്‍ലോഡ് ചെയ്യണം.
യുഎഇയിൽ സിനോഫാം, ഫൈസൻ, ആസ്ട്ര സെനക, സ്പുടിന്–5 വാക്സീനുകൾ ലഭ്യമാണ്. അതതു എമിററ്റിലെ ആരോഗ്യവിഭാഗത്തിലോ സ്വകാര്യ ആശുപത്രികളിലോ ബുക്ക് ചെയ്താൽ സൗജന്യ വാക്സീൻ ലഭിക്കും. 50 വയസ്സിനു മുകളിലുള്ളവർക്ക് ബുക്ക് ചെയ്യാതെ നേരിട്ടെത്താം. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും.