വാഗമണ്‍ : ലഹരി പാര്‍ട്ടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന വ്യാപകമായി അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. കേസില്‍ 9 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപകമാക്കുന്നതിന് വേണ്ടിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഡി.ജി.പി അനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധുവിനാണ് അന്വേഷണ ചുമതല.
ഡിസംബര്‍ 20നാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇടുക്കി എ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പിടികൂടിയത്. എന്നാല്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 49 പേരെ പോലീസ് വിട്ടയച്ചിരുന്നു. ഒപ്പം റിസോര്‍ട്ട് ഉടമയായ സി.പി.ഐ പ്രാദേശിക നേതാവിനെ കേസില്‍ പ്രതി ചേര്‍ക്കാനും അന്വേഷണ സംഘം തയ്യാറായില്ല. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.