ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ പ്രതിദിനം 15,000 തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. നിലവില്‍ പ്രതിദിനം 7,000 തീര്‍ത്ഥാടകര്‍ക്കാണ് അനുമതി. യാത്രക്കാര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണമെന്ന നിബന്ധനയും നീക്കം ചെയ്തു.
രജിസ്‌ട്രേഷന്‍ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കൂ. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഭവന്‍, കത്ര, അര്‍ദ്ധകുവാരി, ജമ്മു എന്നിവിടങ്ങളില്‍ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, പാസഞ്ചര്‍ റോപ് വേ എന്നിവയും യാത്രാവേളയില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥം മാതാ വൈഷ്ണോദേവി ക്ഷേത്ര ബോര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.
രസായി ജില്ലയിലെ തൃക്കുട പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം അഞ്ച് മാസത്തിന് ശേഷം ഓഗസ്റ്റിലാണ് വീണ്ടും തുറന്നത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 100 പേര്‍ അടക്കം 2000 തീര്‍ത്ഥാടകരെയാണ് ആദ്യഘട്ടത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചിരുന്നത്. ഒക്ടോബര്‍ 30 ന് ജമ്മുകശ്മീര്‍ ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മറ്റെല്ലാ ‘അണ്‍ലോക്ക്’ നിര്‍ദ്ദേശങ്ങളും നവംബര്‍ 30 വരെ നിലനില്‍ക്കും.