കോന്നി : വകയാർ എട്ടാം കുറ്റിയിൽ റോഡരുകിൽ മുറിച്ചിട്ടുരുന്ന മരത്തിന്റെ ശിഖരങ്ങൾക്ക് തീ പടർന്ന് പിടിച്ചു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. മുറിച്ചിട്ട മരവും ശിഖരങ്ങളും നാളുകളായി മാറ്റാതെ ഇട്ടിരുന്നതിനാലാണ് തീ പടർന്ന് പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചുവെങ്കിലും തീ പൂർണ്ണമായും അണയാത്തതിനാൽ വീണ്ടും കത്തുകയായിരുന്നു. തുടർന്ന് രണ്ടാം തവണയും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റിയ മരത്തിന്റെ ശിഖരങ്ങൾ നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നതായി കാട്ടി മാധ്യമങ്ങൾ മുൻപ് വാർത്ത പുറത്ത് വിട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ അപകടം. പല സ്ഥലങ്ങളിലും പെട്രോൾ പമ്പ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അപകടരമായ സാഹചര്യത്തിലാണ് മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത്.