പത്തനംതിട്ട : അച്ചന്‍കോവിലാറിന് കുറുകെ പത്തനംതിട്ട നഗരസഭയെയും- പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കുള്ള നടപ്പാലം അപകടാവസ്ഥയില്‍. ക്ഷേത്രകാവിനോട് ചേര്‍ന്ന ഭാഗത്തെ തീരം ഇടിഞ്ഞതോടെ പാലത്തിന്റെ തൂണും പടിക്കെട്ടുകളുമടങ്ങുന്ന ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ആറ്റുതീരത്ത് കരിങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച സംരക്ഷണഭിത്തിയും തകര്‍ന്നു.
കഴിഞ്ഞ ദിവസം ആറ്റിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് പാലം അപകടാവസ്ഥയിലായത്. ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താനായി ആശ്രയിക്കുന്ന നടപ്പാലമാണ് അപകടാവസ്ഥയിലായത്. നീണ്ടകാലത്തെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നടപ്പാലം സ്ഥാപിച്ചത്.