പത്തനംതിട്ട: കനത്ത മഴയും അച്ചന്‍കോവിലാറിലെ നീരൊഴുക്കും മൂലം വലഞ്ചുഴി നടപ്പാലത്തിന്റെ സമീപം നദീസംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. പ്രമാടം ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചതാണ് സംരക്ഷണഭിത്തി. പാലത്തിന് അപകടാവസ്ഥയില്ലെങ്കിലും ക്ഷേത്രത്തിന്റെ ഭാഗത്തേക്കിറങ്ങുന്ന പടി കെട്ട് ഏതുനിമിഷവും തകരുന്ന അവസ്ഥയിലാണ്.
2014 ലാണ് പാലം പത്തനംതിട്ട നഗരസഭ നിർമ്മിച്ചത്. തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്താണ് സംരക്ഷണ ഭിത്തി കെട്ടിയത്. വെള്ളപ്പൊക്ക സമയത്ത് ഒഴുകി വന്ന വലിയ തടികൾ പാലത്തിന്റെ തൂണുകളിൽ ഇടിച്ച് വെള്ളം തീരത്തേക്ക് തള്ളിയപ്പോഴും സംരക്ഷണ ഭിത്തിക്ക് കേടുപാടുകൾ പറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ പാലത്തിന് സമീപമുള്ള കാവിൽ നിന്നിരുന്ന വൃക്ഷശിഖരം ഒടിഞ്ഞ് സംരക്ഷണ ഭിത്തിക്ക് മുകളിൽ വീണ് ഭിത്തി ഇടിഞ്ഞിരുന്നു. ഇതാണ് പൊടുന്നനെ ഭിത്തി ഇടിഞ്ഞുവീഴാന്‍ കാരണം.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംരക്ഷണ ഭിത്തി നദിയിലേക്ക് ഇടിഞ്ഞു വീണത്. നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ , മുൻ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പാലത്തിന്റെയും പടികളുടെയും അപകടാവസ്ഥ പരിശോധിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ ശ്രമിക്കുന്ന് ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പറഞ്ഞു.