തേഞ്ഞിപ്പലം : ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. തീപടരും മുമ്പേ ഇറങ്ങിയതിനാല്‍ യാത്രക്കാരായ കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം ചെട്ട്യാര്‍മാട്-ഒലിപ്രംകടവ് റോഡില്‍ പതിനാലാം മൈലില്‍ ബുധനാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. വള്ളിക്കുന്ന് നോര്‍ത്ത് അത്താണിക്കല്‍ ചിറ്റാംവീട്ടില്‍ മുഹമ്മദ് റാഫിയും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ചുവര്‍ഷമായി അത്താണിക്കലില്‍ ഇതേ വാഹനം ടാക്സിയായി ഓടിക്കുകയാണ് റാഫി.
ഹാജ്യാര്‍വളവിലുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് പുകയുയരുകയായിരുന്നു. ഉടനെ നിര്‍ത്തി ഭാര്യ ജംഷീനയും നാലുമക്കളും വണ്ടിയില്‍ നിന്നിറങ്ങി. പെട്ടെന്ന് തീ പടര്‍ന്നുപിടിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ഗൂഡ്സ് ഓട്ടോയില്‍ വെള്ളമെത്തിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചത്. അപ്പോഴേക്കും വാന്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. മീഞ്ചന്തയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീപ്പിടിത്തത്തിന് കാരണമെന്നു കരുതുന്നു.