റാന്നി : ഉക്രൈയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് മിഷൻ പോലെ വിമാനം അടിയന്തരമായി ഏർപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ രാജു എബ്രഹാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും കത്തിലൂടെ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് മലയാളികൾ അടക്കം അര ലക്ഷത്തോളം വിദ്യാർഥികളാണ് ഉന്നതപഠനത്തിനായി ഉക്രൈനിൽ ഉള്ളത്. ഉക്രൈനിലെ ഇന്ത്യൻ എംബസി അവിടെയുള്ള വിദ്യാർഥികൾ രാജ്യം വിട്ട് അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പക്ഷേ ഇവർക്ക് ഇവിടെ നിന്ന് പോകാൻ വിമാനങ്ങൾ കുറവാണ്. ലഭ്യമാകുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് വളരെ ഉയർന്നതാണ്. ഒരു വശത്തേക്ക് മാത്രം 75000 രൂപയിലധികം നിരക്ക് ആക്കിയിരിക്കുന്നു. നേരത്തെ കുവൈറ്റ് യുദ്ധകാലത്തും കോവിഡ് മഹാമാരി കാലത്തും വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിച്ച വന്ദേഭാരത് മിഷൻ പോലുള്ള പദ്ധതിയിലൂടെ അടിയന്തരമായി ഇവരെ നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്തു നൽകണമെന്നാണ് രാജു എബ്രഹാം അഭ്യർത്ഥിച്ചിരിക്കുന്നത്.